Thursday, 28 October 2010

ജമാ-അത്തിനുവേണ്ടി ഒപ്പിയവർ ഇതൊക്കെ അറിയുന്നുണ്ടോ?

                                                                                                                                                                                                     അങ്ങനെ ജമാ-അത്തെ ഇസ്ലാമിയും ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കി. മൂല്യാധിഷ്ഠിതരാഷ്ട്രീയം കടന്ന് കക്ഷികൾക്കും പക്ഷത്തിനും പിന്തുണ നൽകലുകളും കഴിഞ്ഞ് നേരിട്ട് സ്ഥാനാർത്തികളെ നിർത്തി പക്കാതെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ജമാ-അത്ത് മുങ്ങിക്കുളിച്ചത് ഇപ്പോഴാണ്.

ജനപക്ഷമുന്നണിയായും ജനകീയവികസനമുന്നണിയായുമൊക്കെ വേഷം മാറി കന്നി പരീക്ഷണത്തിൽ തന്നെ വോട്ടു ബാങ്കു രാഷ്ട്രീയത്തിന്റെ എല്ലാ വഷളൻ തന്ത്ര-കുതന്ത്രങ്ങളും അവരും പയറ്റി. ആദർശം വാക്കിൽ നിന്നുപോലും  നീങ്ങിത്തുടങ്ങിയതിന്റെ ഒരു ഗംഭീരതുടക്കമായി ഇത്. പ്രഖ്യാപിത രാഷ്ട്രീയ നിലപാടൊന്നും തെരഞെടുപ്പിൽ സ്ഥാനാർഥികളായപ്പോഴും പ്രചരണ വോട്ടുപിടുത്തങ്ങളിലും പുലർത്തിയില്ല.

സ്ഥാനാർഥികളെ നിർത്തുമ്പോൾ പരിഗണിച്ചയോഗ്യത പരമാവധി വോട്ട് പിടിക്കാൻ അയാൾക്കുള്ള സാധ്യത നോക്കിയാണ്. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന ഒരു തന്ത്രമാണ്. ഇവിടെ ജമാ-അത്തും സാമ്പത്തികം,തറവാട്/കുടുംബ സ്വാധീനങ്ങൾ എന്നിവയൊക്കെ നോക്കിയാണ് പലയിടത്തും സ്ഥാനാർഥികളെ നിർത്തിയത്. പലയിടത്തും നോമിനേഷൻ കൊടുത്തശേഷം പിൻ വലിക്കുന്ന തിയതിക്ക് മുമ്പായി മറ്റ് സ്ഥാനാർഥികളെ സമീപിച്ച് പലസമ്മർദ്ദങ്ങളിലൂടെയും തങ്ങളുടെ സ്വാധീനത്തെക്കുറിച്ചും മറ്റും അവകാശവാദങ്ങൾ നടത്തിയും പത്രിക പിന്വലിപ്പിക്കാൻ ശ്രമം നടത്തി. ഇന്ന വാർഡിൽ ഞങ്ങളെ പിന്തുണച്ചാൽ ഇന്ന വാർഡിൽ ഞങ്ങൾ പിന്തുണക്കാം തുടങ്ങിയ തരത്തിൽ വോട്ട് ചുളുവിൽ കൂടുതൽ വാങ്ങാനും ജയിക്കാനുമുള്ള പക്കാ തെരഞ്ഞെടുപ്പു കളികൾ ജമാ-അത്തുകാർ പലയിടത്തും നടത്തി. ഇവിടെയൊന്നും ഇരു മുന്നണികളുടെയും തെറ്റായ വികസനനയങ്ങൾക്കെതിരാണ് തങ്ങളെന്ന ജമാ-അത്ത്മുന്നണിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് അവർ പോലും ഒരു വിലകല്പിച്ചില്ല.

പ്രധാനമായും മുസ്ലിം ലീഗിനെ തോല്പിക്കാൻ ഇടതുപക്ഷത്തിനെ സഹായിച്ച് തങ്ങളും നിർണ്ണായക ശക്തിയാണെന്ന് കാണിച്ചുകൊടുക്കാൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് മലപ്പുറം ജില്ലയിൽ മിക്ക സ്ഥലങ്ങളിലും ജമാ-അത്ത് സ്വീകരിച്ചത്. ഇവിടെ ഇടതുപക്ഷത്തിനോ ജമാ-അത്തിനോ പ്രഖ്യാപിത നിലപാടുകൾ പ്രശ്നമേ ആയില്ല. ചില സ്ഥലങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർഥികളെയും പിന്തുണച്ചിട്ടുണ്ടത്രെ.

ലീഗ് വിരുദ്ധ സ്ഥാനാർഥികൾക്ക് എന്ത് യോഗ്യതയാണോ ഉള്ളത് ആ യോഗ്യത/മാനദണ്ഡം അനുസരിച്ച് ഒറ്റ ലീഗ് സ്ഥാനാർഥിയും ഇല്ലാത്ത പോലെയാണ്
ജമാ-അത്ത് നിലപാടെടുത്തത്. ഇവിടെ പരമാവധി ലീഗ് വിരുദ്ധ വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കി തങ്ങളുടെ സ്വാധീനശക്തി ഇരു മുന്നണികൾക്കും കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ അജണ്ട.

കിനാലൂരും ഇടതുവികസനവൈകല്യവുമെല്ലാം മറന്ന് ഇടതുപക്ഷവുമായി പരമാവധി അടുക്കാൻ ജമാ-അത്ത് ശ്രമിച്ചത്  കണ്ടു.പ്രദേശിക ഇടതു നേതൃത്വങ്ങളുടെ ദൌർബല്യങ്ങളും ആശങ്കകളും വനിതാസ്ഥാനാർഥികളെ കിട്ടാത്ത സ്ഥിതിയുമൊക്കെ ജമാ-അത്ത് പലയിടത്തും മുതലെടുത്തു. പ്രാദേശിക ഇടതുനേതൃത്വത്തെ സ്വാധീനിച്ച് പല വാർഡുകളും തങ്ങൾക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടു.പലതും കിട്ടുകയും ചെയ്തു.

ജമാ-അത്ത് തട്ടിക്കൂട്ടിയ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക,സാമൂഹിക,പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട അഭ്യർഥന ജമാ-അത്തുകാർ വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നു. അതിൽ ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനപക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബദൽ ആയാണ് ജമാ-അത്തു മുന്നണിയെ പരിചയപ്പെടുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയപ്പോൾ നിസ്സാര വോട്ടുകൾ പോലും നിർണ്ണായകമായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളോടും വോട്ട് കാണിച്ച് വിലപേശി സീറ്റ് തരപ്പെടുത്താനും പിന്തുണ നേടാനും നടത്തിയ തത്വദീക്ഷയില്ലാത്ത കളികളാണ് കാണാൻ കഴിഞ്ഞത്. ബദൽ രാഷ്ട്രീയമെല്ലാം വോട്ട് കൂട്ടാനുള്ള തത്രപ്പാടിൽ ബലികഴിക്കപ്പെട്ടു.ഇതൊക്കെയുണ്ടോ ഒപ്പിട്ടവർ അറിയുന്നു,അന്വേഷിക്കുന്നു!                                                                                                                                                                                                                                                                                                             ഇതു കൂടി വായിക്കുക

No comments:

Post a Comment