......................................................................................................................
മാതൃഭൂമി വിമർശ്ശനം സ്ഥാനത്തും അസ്ഥാനത്തും
മാതൃഭൂമി മുസ്ലിം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ സവർണ്ണ ഹൈന്ദവ മുൻ വിധികൾ അതിൽ പ്രകടമാകാറുണ്ട്.ഇത് അംഗീകരിക്കുന്നു.എന്നാൽ മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിൽ മാതൃഭൂമി നിലപാടിനെ കുറിച്ച് ജെ ദേവികയുടെ വിമർശ്ശനം ചില വിശദീകരണങ്ങൾ ആവശ്യപ്പെടുന്നു.ഏകശിലാത്മകമായ ഒരു സമുദായമാക്കി കേരള മുസ്ലിംകളെ മാതൃഭൂമി റിപ്പോർട്ടുകൾ ചിത്രീകരിക്കുന്നു.താലിബാനിസത്തിന് സമുദായം മൊത്തം ഉത്തരവാദികളാണെന്ന് വരുത്തുന്നു.മുസ്ലിം സംഘടനകളെയാകെ ഭീകരസത്വങ്ങളായി അവതരിപ്പിക്കുന്നു.ഇതൊക്കെയാണ് മാതൃഭൂമിക്കെതിരെയുള്ള ആരോപണങ്ങൾ.
കൈവെട്ട് സംഭവത്തിൽ മാതൃഭൂമി പോപ്പുലർ ഫ്രണ്ടിനെയല്ലാതെ മറ്റു സംഘടനകളെ ചേർത്ത് പറഞ്ഞതായി ഈയുള്ളവന് തോന്നിയിട്ടില്ല.മാത്രമല്ല ദേശാഭിമാനിയിലും മറ്റു ചില പത്രങ്ങളിലും ഏതാണ്ട് ഇതേ വാർത്തകൾ വരുന്നുമുണ്ട്.അപ്പോൾ മാതൃഭൂമിയുടെ പൊതുവായുള്ള മുസ്ലിം വിരുദ്ധ മനോഭാവം തന്നെയാണ് കൈവെട്ട് സംഭവത്തിലും ഉള്ളതെന്ന് പറയുന്നതിലൂടെ ജെ ദേവിക ഒരേസമയം മാതൃഭൂമിയേയും പോപ്പുലർ ഫ്രണ്ടിനെയും സഹായിക്കുന്ന നിലപാടാണെടുക്കുന്നത്.ഒപ്പം ജെ ദേവികയുടെ നിലപാടിന്റെ വിശ്വാസ്യതയിൽ സംശയത്തിന്റെ നിഴൽ പടരുകയും ചെയ്യുന്നു.ജെ ദേവികയെക്കൊണ്ട് ആരോ പറഞ്ഞെഴുതിപ്പിക്കയാണെന്ന സംശയം വരെ ചിലർക്കുണ്ടാവും.ഇതൊരു കെണിയാണ്.
ലൗ ജിഹാദും മ-അ്ദനിക്കെതിരെയുള്ള കേസും പോലെ ഇതും അടിസ്ഥാന രഹിതമാണെന്ന് പറയുന്നു.ഇവിടെ ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ ഭീകരതയുടെ സങ്കീർണ്ണത/ആശയക്കുഴപ്പം എന്ന പ്രതിഭാസം പ്രകടമാകുന്നു.ഭരണകൂടം/പോലീസ്/മറ്റ് അന്വേഷണ ഏജൻസികൾ നിക്ഷിപ്ത താൽപര്യത്തോടെയോ അല്ലാതെയോ ഭീകരതക്ക് സഹായകമായ ആശയക്കുഴപ്പങ്ങൾ/വൈരുദ്ധ്യസങ്കീർണ്ണതകൾ സൃഷ്ടിക്കുന്നു.ഭീകരത വേരോടുന്നതിന്റെ ഭൗതികാടിത്തറ ഇതാണ്.ഭീകരത ഭരണകൂട ഉപചാപകം തന്നെയാണെന്ന് സംശയിക്കേണ്ടി വരുന്നത് ഇവിടെയാണ്.
ക്കൈവെട്ട്,കിനാലൂർ,മാതൃഭൂമി,വർക്കല,ചെങ്ങറ,ലൗ ജിഹാദ്,സോളിഡാരിറ്റി എന്നിവയൊക്കെ അശ്രദ്ധമായി കൂട്ടി വായിക്കുന്ന ജെ ദേവിക ഒരേസമയം ഭരണകൂടവും തീവ്രവാദവും ഒരുക്കുന്ന കെണിയിൽ വീഴുകയാണ്.ഈ കെണിയിൽ ആരും വീഴും.ഈയുള്ളവനടക്കം.വേണ്ടത് ഇഴ പിരിച്ച പരിശോധനയാണ്.വാക്കിനും പ്രവൃത്തിക്കും മുമ്പുള്ള ആലോചനയാണ്.
അഹിംസാത്മകത ഓരോ തലത്തിലും വികസിപ്പിക്കേണ്ട ഒരു കാലഘട്ടമാണിത്.അതിന് ഹിംസയുടെ ചലന നിയമങ്ങളെ സുസൂക്ഷ്മം അപഗ്രഥിച്ചറിയേണ്ടതുണ്ട്.നമ്മുടെ മനുഷ്യാവകാശ പ്രവർത്തകർ ഇതിന് തയ്യാറാവേണ്ടതുണ്ട്.
സി പി എമ്മിന്റെ ഭൂരിപക്ഷ പ്രീണനം ഇതിൽ പ്രവർത്തിക്കുന്നുണ്ടാവാം.തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെങ്കിലും ഹൗസിംഗ് ലോണുകൾ,ഉച്ചഭക്ഷണം,ആരോഗ്യം,പെൻഷൻ,സീനിയർ സിറ്റീസൺ മുതൽ ആദി വാസി അമ്മമാർ വരെ കണ്ണീചേർക്കപ്പെടുന്ന ക്ഷേമ പദ്ധതികൾ എന്നിവയെയൊക്കെ വിദ്വേഷവേട്ടയോടൊപ്പം ഇടതുഗവണ്മെന്റിന്റെ ഇലക്ഷൻ സ്റ്റ്രാറ്റജിയായാണ് ജെ ദേവിക കാണുന്നത്.സോളിഡാരിറ്റിയുടെ നവലിബറൽ വിരുദ്ധ,ജനപക്ഷ രാഷ്ട്രീയത്തിൽ ദേവിക ഇങ്ങനെ ഒരു ഹിഡ്ഡൻ സ്റ്റ്രാറ്റജിയും കാണുന്നില്ല എന്നതാണ് അത്ഭുതം.
വിദ്വേഷ വേട്ട,ഗുണഭോക്തൃവേട്ട എന്നീ രണ്ടുവീതം സ്റ്റ്രാജികളുണ്ടെന്നൊക്കെ സിദ്ധാന്തീകരിച്ച് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് തന്ത്രം എന്ന 'ആത്യന്തം അപകടമായ' പ്രശ്നം ഉയർത്തിക്കാട്ടി കൈവെട്ടിനെയും പോപ്പുലർ ഫ്രണ്ടിന്റെ വർഗ്ഗീയ/വിഷലിപ്ത പ്രവർത്തർത്തന പദ്ധതിയെയും മുക്കിക്കളയുകയാണ് ജെ ദേവിക.
ഓർക്കുക പോപ്പുലർ ഫ്രണ്ടിന്റെ വർഗ്ഗീയാക്രമണങ്ങളിന്മേലാകും സംഘപരിവാരം ഇതുവരെ കേരളത്തിൽ നടപ്പാക്കാൻ അറച്ചു നിന്ന പദ്ധതികളും നടപ്പാക്കാൻ പോകുക.പോപ്പുലർ ഫ്രണ്ടിന്റെ അവതാരോദ്ദേശ്യവും അതു തന്നെ.
................തുടരും........................................
(ഇന്റലക്ച്വൽ ജിഹാദും ജെ ദേവികയും)
ജമാ-അത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനത്തിൽ രണ്ടു ലക്കങ്ങളിലായി വന്ന ജെ ദേവികയുടെ ലേഖനങ്ങൾ പരിശോധന അർഹിക്കുന്നു,ലേഖനം എഴുതിയത് സദുദ്ദേശ്യത്തോടെ ആകാം.ലേഖനങ്ങളിലെ ആശങ്കകൾ ചർച്ച ചെയ്യപ്പെടേണ്ടതു തന്നെ.പക്ഷെ വേണ്ടത്ര ജാഗ്രതയും സൂക്ഷ്മതയും ഇല്ലാതെ വർഗ്ഗീയ,മതമൗലികവാദ ശക്തികൾക്ക് തൽക്കാലം എടുത്തുപയോഗിക്കാൻ തക്കവണ്ണം എഴുതിയ അലസവിചാരങ്ങളായിപ്പോയില്ലേ ഇവ?
ഇതിൽ ഒന്നാമത്തെ ലേഖനം 'കാഫില'യിൽ വന്നതാണ്9കേരളത്തിന്റെ മഹത്തായ വിദ്വേഷ വേട്ട).രണ്ടാമത്തേത് പ്രബോധനത്തിന് നൽകിയത് തന്നെ(ഇന്റലക്ച്വൽ ജിഹാദിന്റെ കാണാപ്പുറങ്ങൾ).പ്രബോധനം-ജൂലൈ31,ആഗസ്റ്റ് 7.
വിദ്വേഷ വേട്ട മാത്രമോ?
മുസ്ലിം തീവ്രവാദത്തെ നമ്മുടെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതി വിദ്വേഷപരം തന്നെ.എന്നാൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടർന്നുള്ള അന്വേഷണവും അറസ്റ്റുകളും മുസ്ലിം സമുദായത്തെ മൊത്തം വേട്ടയാടലായി ചിത്രീകരിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നു.മുഖ്യമന്ത്രി പോലീസ് റെയ്ഡുകളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രസ്താവനയെയും അങ്ങനെ ചിത്രീകരിക്കാനാണ് പ്രതിപക്ഷം അടക്കം ശ്രമിച്ചത്.എന്നാൽ അത് ഏശിയില്ല.
ചില ലളിതയുക്തികളിലൂടെ ശ്രീമതി ദേവിക പോലീസ് നടപടികളെയും മാധ്യമവാർത്തകളെയും അപ്പാടെ സംശയത്തിന്റെ പുകമറയിൽ നിർത്തുകയാണ്.പോപ്പുലർ ഫ്രണ്ട് വിവാദമായ ചോദ്യപ്പേപ്പർ വിഷയത്തിൽ വളരെ തീവ്രമായി ഇടപെട്ടിരുന്നു എന്ന് എല്ലാവർക്കുമറിയാം.പോലീസിന് പ്രധാന പ്രതിയകളെ ഇനിയും പിടികൂടാൻ കഴിയാത്തതിൽ നമുക്കവരെ കുറ്റപ്പെടുത്താം.എന്നാൽ വളരെ പദ്ധതീക്രതമായി വർഗ്ഗീയധ്രുവീകരണം ലക്ഷ്യമാക്കി നടത്തപ്പെട്ട ഒരു ആക്രമണമാണിതെന്ന് പോലീസിന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും റെയ്ഡും കേരളത്തിൽ ഒട്ടും നടത്തിയതെന്നാണ് ഈയുള്ളവൻ ധരിച്ചിരിക്കുന്നത്.
സംഘടയുടെ ഉന്നത തലത്തിൽ ഗൂഢാലോചന നടന്നെന്ന് വല്ല സൂചനയും കിട്ടിയാൽ അന്വേഷണവും ചോദ്യം ചെയ്യലും നേതൃത്വത്തിലേക്കും നീങ്ങും എന്നത് സ്വാഭാവികം മാത്രം.അപ്പോൾ അത് വർക്കല മോഡൽ പോലീസ് വേട്ടയാണെന്ന് എങ്ങനെ ഉറപ്പിച്ചു പറയും?
പോപ്പുലർ ഫ്രണ്ടിനെ ജെ ദേവികയേക്കാളും അവർ സജീവമായി പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ നാട്ടുകാർക്കറിയാം.അതുകൊണ്ട് ജെ.ദേവികയുടെ മനുഷ്യാവകാശബോധം തെളിയിക്കപ്പെടും വരെ പോപ്പുലർ ഫ്രണ്ടിനെ പ്രതിയെന്ന് കരുതില്ലെങ്കിലും ഈ ജനം അങ്ങനെ കരുതും.കാരണം അത് പോപ്പുലർ ഫ്രണ്ടിനെ സംബന്ധിച്ച ഒരു സ്വാഭാവിക സംഭവം മാത്രമായേ ജനം കാണുന്നുള്ളൂ.അത് ചിലപ്പോൾ തെറ്റാകാവുന്ന സന്ദർഭങ്ങളും ഉണ്ടാകാം.ജെ ദേവികയുടെ മനുഷ്യാവകാശബോധത്തെ വളരെയധികം മാനിച്ചു കൊണ്ടുതന്നെ ഈ ഒരു പ്രശ്നം കണക്കിലെടുക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു.
നമ്മുടെ ജനാധിപത്യ നീതിന്യായ വ്യവസ്ഥയിലെ സകല പഴുതുകളും സാധ്യതകളും മുൻ കൂട്ടി കണ്ടെത്തി തങ്ങളുടെ വർഗ്ഗീയ അജണ്ടയുമായി തന്ത്ര പൂർവ്വം നീങ്ങുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.മനുഷ്യാവകാശ പദാവലികൾ കൊണ്ട് അതിനെ തന്ത്ര പൂർവ്വമായ രാഷ്ട്രീയ ഉപകരണമാക്കിക്കൊണ്ട് കേരളീയ പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് അവർ ധരിക്കുന്നു.അതിനനുസരിച്ച് സാംസ്കാരിക, മൻഷ്യാവകാശ പ്രവർത്തകരെ ഉപയോഗിക്കുന്നു.
ഭീകരതയിലെ സങ്കീർണ്ണത.
ഭീകരതയുടെ സങ്കീർണ്ണമായ പ്രയോഗരീതിയെക്കുറിച്ച് ജനാധിപത്യ ശക്തികൾ ആഴത്തിൽ പര്യാലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു.ഭീകരതക്ക് ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യത്യാസമില്ല.ഒരേ ക്ലാസ്സുമുറിയിൽ നിന്ന്,ഒരേ ആയുധപ്പുരയിൽ നിന്നാണ് അത് പ്രവർത്തനസജ്ജമായി പുറത്തിറങ്ങുന്നത്.ഒരോ ഭീകരതക്കും തങ്ങൾ എതിർ നിർത്തിയഭീകരതക്കെതിരെ ജനങ്ങളുടെ മുമ്പിൽ വെക്കാൻ വസ്തുതാപരമായിത്തന്നെ കുറേ ന്യായങ്ങളുണ്ടാകും.ഹിന്ദു ഭീകരതക്കെതിരെ മുസ്ലിം ഭീകരതയും മുസ്ലിം ഭീകരതക്കെതിരെ ഹിന്ദു ഭീകരതയും ഉന്നയിക്കുന്ന ആരോപണങ്ങൾ പലതും സത്യമാണല്ലോ.ചുരുക്കത്തിൽ തങ്ങളുടെ ജനങ്ങൾക്കിടയിൽ വേരുറപ്പിക്കാൻ തക്ക ഭൗതികയാഥാർത്ഥ്യങ്ങൾ ഓരോ ഭീകരതക്കും ഉണ്ട്.
ഭരണകൂടമാണ് ഈ ഭൗതിക സാഹചര്യം രൂഢ മൂലമാക്കുന്നതിൽ പ്രധാന റോൾ വഹിക്കുന്നത്.പ്രത്യേകിച്ച് പോലീസും സേനകളും.അഹിംസയെ പ്രയോഗവൽക്കരിക്കാൻ ഹിംസ ഒരു സ്ഥാപന യാഥാർത്ഥ്യമാണെന്ന് ആദ്യം നാം തിരിച്ചറിയണം.സ്ഥാപനവൽകൃതമായ ഹിംസയിൽ ഹിന്ദു മുസ്ലിം ഭീകരതകൾക്ക് ഒരേ സംരക്ഷണമാണ് ലഭിക്കുന്നത്.
സമാധാന പ്രവർത്തകരെ നിസ്സഹായരാക്കുന്ന ഒരു യാഥാർത്ഥ്യമാണിത്.മനുഷ്യാവകശ ലംഘനങ്ങളോട് നിസ്സംഗരായിരിക്കണം എന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല.മനുഷ്യാവകാശത്തിന്റെ വാക്കിലും പ്രവൃത്തിയിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് പറയുന്നത്.
ജെ ദേവികയുടെ സിദ്ധാന്തവൽക്കരണം പത്രക്കാരെപോലെ മറ്റൊരു ലളിത യുക്തിയായിത്തീരുകയാണിവിടെ.പത്രങ്ങളും പോലീസും കൊണ്ടുവരുന്ന തെളിവുകൾ പ്രയാപ്തമല്ലെന്ന് ജെ ദേവിക പറയുന്നു.ഉദാഹരണങ്ങളും പ്രസക്തം തന്നെ.ഈ തെളിവുകളിന്മേൽ തന്നെയാണ് കോടതികൾ ശിക്ഷിക്കുന്നതും വെറുതെ വിടുന്നതും.കോടതികളിൽ നിന്ന് മനുഷ്യാവകാശപരവും അല്ലാത്തതുമായ വിധികൾ വരുന്നു.ഇവിടെ തെളിവ് മാത്രമാണോ പ്രതി?
പോപ്പുലർ ഫ്രണ്ടെന്ന ഭരണകൂടം
പോപ്പുലർ ഫ്രണ്ടെന്തു ചെയ്യുന്നു എന്നത് തന്നെയാണ് മുഖ്യമായും അറിയേണ്ടത്.അതിന്റെ ഗുണഭോക്താക്കളും ഇരകളും ആര്? അപ്പോൾ അവരിൽ നിന്ന് പിടിച്ചെടുക്കുന്ന ഒരേതരം സി ഡികൾക്ക്,(അശ്ലീല സി ഡി യെ അവഗണിക്കാം) ഒന്നിലധികം സിം കാർഡുകൾക്ക്,ഒന്നിലധികം പാസ്പോർട്ടുകൾക്ക്,പിടിച്ചെടുക്കുന്ന രേഖകളില്ലാത്ത പണത്തിന് ഒക്കെ ജെ ദേവികയുടെ ഷെൽഫിലുള്ള പുസ്തക, സി ഡി കളേക്കാൾ മറ്റൊരു ഉപയോഗർത്ഥം വരുന്നു.
സോളിഡാരിറ്റി എന്ന യുവജനസംഘടനയെ കുറിച്ച് ജെ ദേവിക മതിപ്പോടെ പറയുന്നു.ലോകത്ത് ഇസ്ലാമിക ഫെമിനിസത്തിന് പലധാരകളുണ്ടെന്ന് ജെ ദേവിക തന്നെ എഴുതിയിട്ടുണ്ട്.അവ ഒരെണ്ണത്തിനെ പോലും മലയാളത്തിൽ പരിചയപ്പെടുത്താൻ അവർ തയ്യാറാവാത്തതെന്തേ?മാധ്യമം വാരികയിൽ പലതും ചർച്ച ചെയ്യും .പക്ഷെ പ്രബോധനത്തിൽ ഇതൊന്നും നടത്തില്ല.താലിബാൻ സ്ത്രീകളോട് എറ്റവും മാന്യത കാട്ടുന്നുവെന്ന് അവർ പറയുന്നു. അത് കേരളീയരെ അറിയിക്കാൻ യിവോൺ റിഡ്ലിയെ കേരളത്തിൽ കൊണ്ടുവരുന്നു.തമിഴ്നാട്ടിലെ ശരീഫാഖാനം പോലെ ഒന്നിനെ സോളിഡാരിറ്റി പ്രോത്സാഹിപ്പിക്കുമോ?
ചില യുവ ജമാ-അത്ത് ബുദ്ധിജീവികളുടെ പോസ്റ്റുമോഡേൺ പദാവലികളിൽ വീണുപോയ പലരിൽ ഒരാളാണ് ജെ ദേവികയും എന്ന് തോന്നുന്നു.കേരളത്തിൽ ജമാ-അത്തല്ലാത്ത ചിലർ ഫാത്തിമാ മർന്നീസ്സിയേയും ആമിന വദൂദിനെയും മലയാള പരിഭാഷയിലൂടെ പരിചയപ്പെടുത്തിയപ്പോൾ മാത്രമാണ് ഇവർ അതിനെ മറികടക്കാൻ വേണ്ടി ചർച്ചയും സംവാദവും നടത്തി ഒരു മുഴം മുമ്പേ എറിയുന്നതെന്ന് ജെ ദേവിക മനസ്സിലാക്കാതെ പോകുന്നു.
ഈ നവലിബറൽ വിരുദ്ധ സമരം നടത്തുമ്പോഴും അതിന്റെ ഒന്നാംതരം വാക്താവും "സ്ത്രീ വിമോചകനുമായ കുഞ്ഞാലിക്കുട്ടിയുമായി അവർ തലയിൽ മുണ്ടിട്ട് ചർച്ചക്ക് പോയത് ശ്രീ ദേവിക അറിഞ്ഞില്ലേ?അതും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ധാരണക്കു വേണ്ടി?
ഏതായാലും കിനാലൂരും കൈവെട്ടും കൂട്ടിവായിച്ചത് ഗംഭീരമായി!.കൈ വെട്ടിനു പിന്നിൽ എളമരം കെരീം തന്നെയായിരിക്കും അല്ലേ? കഷ്ടം .സോളിഡാരിറ്റിക്കാർ പിന്നിൽ കൂടിയിട്ടുണ്ടെങ്കിൽ അവർ ഓരോന്നെഴുതാൻ പ്രേരിപ്പിക്കും .പക്ഷെ അതിങ്ങനത്തെ തലയും വാലുമില്ലാത്തതായിരിക്കും.ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ ജമാ-അത്തെ ഇസ്ലാമിയെ ക്കുറിച്ച് അതത് രാജ്യങ്ങളിലെ വ്യത്യത ഫെമിനിസ്റ്റുകൾ എന്തുപറയുന്നു എന്നെങ്കിലും ജെ ദേവിക അന്വേഷിച്ചറിഞ്ഞില്ലല്ലോ.
......തുടരും.....................
(ഇന്റലക്ച്വൽ ജിഹാദും ജെ ദേവികയും)