1-കെ ഇ എന്റെ സ്വത്വവാദം മതമൗലികവാദത്തിനനുകൂലമാണെങ്കിൽ അതിന്റെ അടിസ്ഥാന കാരണം മാർക്ഷിസ്റ്റ് പ്രായോഗികരാഷ്ട്രീയത്തിന്റെ അവസരവാദവും കാപട്യവുമാണ്.ഹിന്ദുത്വവാദികളുടെ കഷ്ണമായ ജനപക്ഷത്തിൽ ഹമീദ് സാഹിബ് ഒളിച്ചുവെക്കപ്പെട്ട അജണ്ട കാണാത്തതെന്താണ്?
2-അവരുമായുണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണ മ അ്ദനിയുമായും ജമാ-അത്തുമായും ഉണ്ടാക്കിയ ബാന്ധവം പോലെ സി പി എമ്മിലോ കേരള മാധ്യമ, പൊതുബോധത്തിലോ പുനർവ്വിചിന്തനത്ത്നോ സ്വയം പരിശോധനക്കോ വിധേയമാകാത്തതിന്റെ കാരണം എന്താണെന്ന് ഹമീദിന് വിശദീകരിക്കാൻ കഴിയുമോ?
3-ജമാ-അത്തുമായും മദനിയുമായും 'വർഗ്ഗേതര'രഹസ്യബന്ധത്തിന് പോയതും ജമാ-അത്തിനെ കുറിച്ച് മതിപ്പോടെ പറഞ്ഞതും പിണറായിയും പാർട്ടിയുമാണല്ലോ.ഹമീദ് ആദ്യം കുരിശിൽ കയറ്റേണ്ടത് അവരെയല്ലേ?അവരുടെ രാഷ്ട്രീയ അവസരവാദത്തിന് സിദ്ധാന്തം ചമക്കുകയും അതിനനുസരിച്ച് അവരുമായി ഇടപഴകുകയുമല്ലേ കെ ഇ എൻ ചെയ്തിട്ടുള്ളൂ.ഇ എം എസ്സിന്റെ വിടവ് നികത്താൻ അങ്ങോര് ഒരു കൈനോക്കിയതെന്നല്ലേ ഉള്ളൂ.ഇപ്പോഴും അതൊക്കെ കാരാട്ടും മറ്റ് മൂത്താപ്പമാരും ചെയ്യുന്നുമുണ്ടല്ലോ.
4-സ്വത്വരാഷ്ട്രീയം കെ ഇൻ ഒളിച്ചുകടത്തിയാലും ഇല്ലെങ്കിലും പാർട്ടി ഇതൊക്കെ ചെയ്യുമെന്നർത്ഥം.അതിന്റെയൊക്കെ തത്വികാടിത്തറ പിന്നെന്താ സാഹിബേ? അതിനെ കുരിശിലേറ്റിയിട്ട് പോരേ ഇത്തിരിപ്പോന്ന കുഞ്ഞമ്മദിന്റെ മെക്കിട്ട് കേറി 24 കാരറ്റ് മതേതരനാക ലൊക്കെ?കുറെ മുമ്പ് പിണറായിയോട് ആരിൽ നിന്ന് ജമാ-അത്തിനെ പഠിക്കാൻ ഹമീദ് ഉപദേശിച്ചോ ആ യെച്ചൂരി ജമാ-അത്തുമൊന്നിച്ച് പ്രകടനം നടത്തുന്നു.ഇനി യെച്ചൂരി ഹമീദിൽ നിന്ന് പഠിക്കണോ?
5-സി പി എമ്മിന്റെ മേൽ വിലാസത്തിൽ ഹമീദ് കളിക്കുന്നതും കപട വർഗ്ഗേതര മതേതരനാട്യങ്ങളാണ്.ഖുർ-ആനിൽ നിന്നും ഹദീസാദി കിതാബുകളിൽ നിന്നും സുന്നിയും മുജാഹിദും ജമാ-അത്തും ഖാദിയാനിയും ഒക്കെ വാക്യങ്ങളുദ്ധരിച്ച് ന്യായീകരിക്കും പോലെ പരിഹാസ്യമായി, പാർട്ടിനിലപാട് ശരിക്കും ഞങ്ങളുടേതാണെന്ന് ആണയിടുമ്പോൾ തങ്ങൾ മറച്ചുവെച്ച കാപട്യം വായനക്കാർക്ക് മനസ്സിലാകാതെ പോവില്ല.
6-പാർട്ടിയോട് ഹമീദിനെന്ത് കൂറാണുള്ളത്.കെറുവിച്ചിറങ്ങിപ്പോക്കുന്ന അപക്വമതിയായ ഒരു പാർട്ടി പ്രവർത്തകനെ പോലെ അദ്ദേഹം പാർട്ടിയെ കൈവെടിഞ്ഞ് മുനീറും ഷാജിയും ഒരുക്കിക്കൊടുത്ത ലീഗ് വേദിയിലും പത്രത്തിലും പോയി ജമാ-അത്തിനെതിരെ ഡോൺകിക്ഷോട്ടിയൻ യുദ്ധം നടത്താൻ പോകയല്ലേ അദ്ദേഹം ചെയ്തത്. ജമാ-അത്തിനെതിരെ പ്രസംഗിക്കാനും എഴുതാനും ലീഗോ മാർക്ഷിസ്റ്റ് പാർട്ടിയോ, ഏതെങ്കിലും ഒന്നു വേണം.അത്രയല്ലേ ഹമീദിനുള്ളൂ.അതിനി സംഘപരിവാറായാലും കുഴപ്പമില്ല.പാർട്ടിയോട്/വർഗ്ഗരാഷ്ട്രീയത്തോട് കൂറുണ്ടായിരുന്നെങ്കിൽ പാർട്ടി നിലപാട് തെറ്റാണെങ്കിലും ശത്രുക്കളുടെ കയ്യിലെ ഉപകരണമാകാൻ നിന്നു കൊടുക്കാതെ അത് തിരുത്താനുള്ള ആശയസമരം അകത്തോ പാർട്ടി വേദികളിലോ നടത്തുകയായിരുന്നില്ലേ വേണ്ടത്.തനിക്ക് യോജിക്കാത്ത നിലപാട് വരുമ്പോൾ ആ നിലപാടിന്റെ പേരിൽ വർഗ്ഗശത്രുക്കളെ പുണരുന്നത് എന്തോന്ന് മര്യാദയാണ് സാറേ.അപ്പോൾ വർഗ്ഗശത്രു ജമാ-അത്താണ് മുതലാളിത്തമോ തനിബൂർഷ്വാപാർട്ടിയോ അല്ല.അച്ചടക്കം,ജനാധിപത്യ കേന്ദ്രീകരണത്തിന് കീഴ്പെടൽ,ആശയ സമരത്തിന് വേണ്ടിയുല്ല ക്ഷമ ഇതൊന്നും കാണിക്കാത്ത ഹമീദും അന്യവർഗ്ഗപ്രവണതകളുടെ അടിമയാണ്.പാർട്ടിയിൽ അണിനിരന്ന ലക്ഷങ്ങളായ അടിസ്ഥാനവർഗ്ഗത്തിന്റെ താൽപര്യങ്ങളല്ല,കേവലം ജമാ-അത്ത് വിരോധമാണ് ഹമീദിന് ഏറ്റവും വലുത് എന്നല്ലേ അർത്ഥം.
7-ആറെസ്സെസ് ഉണ്ടായ കാലം മുതൽക്കേ വിശാലഹിന്ദുത്വമാണ് വാക്കിൽ പറഞ്ഞത്.അവരുടെ ശാഖയിൽ ജാതിയില്ലാത്തത് കണ്ട് ഗാന്ധിജി മുതൽപേർ പുളകം കൊണ്ടതറിയില്ലേ ഹമീദിന്.ഇനി സവർണ്ണഫാസിസം എന്ന് ഉപയോഗിക്കാൻ പാടില്ലത്രേ.ഹിന്ദുത്വഫാസിസം എന്നുതന്നെ ഉപയോഗിക്കണമത്രേ.റോമിലാഥാപ്പറും മറ്റും വിശകലാത്മകമായും അതിന്റെ മാറുന്ന സ്വഭാവത്തെ അടയാളപ്പെടുത്താനും പുതിയസാങ്കേതിക പദങ്ങൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചെന്നിരിക്കും.അവരെ ഇനിമേൽ അങ്ങനെയേ മതേതരർ വിളിക്കാവൂ എന്ന് ആ പണ്ഡിതർ ശഠിച്ചിട്ടുണ്ടോ?സന്ദേഹിക്ക് അത്രയൊന്നും വിവരമില്ലാത്തതിനാൽ ഹിന്ദുത്വഫാഷിസമെന്നും സവർണ്ണഫാസിസമെന്നും ഒക്കെ തരം പോലെ വിളിക്കും.സവർണ്ണ മേധാവിത്വത്തെ അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കുന്ന കൂട്ടരെ അങ്ങനെ വിളിച്ചാൽ എന്താണ് തെറ്റ്.ജമാ-അത്തിനെ മൗദൂദിസ്റ്റെന്നും ഇസ്ലാമിസ്റ്റെന്നും രാഷ്ട്രീയ ഇസ്ലാമുകളെന്നും ഫണ്ടമെന്റലിസ്റ്റെന്നും ഇസ്ലാമികഫാസിസ്റ്റെന്നുമൊക്കെ ഹമീദിനോ മറ്റാർക്കുമോ എങ്ങനെയും വിളിക്കാം.ഹിന്ദുഫാഷിസ്റ്റിന്റെ കാര്യത്തിൽ മാത്രം ഈ കൃത്യതാവാശി സംശയിക്കപ്പെടേണ്ടതുണ്ട്.സവർണ്ണ വാദിയെന്നതിനേക്കാൾ ഹിന്ദുത്വവാദി എന്നു വിളിക്കുന്നതായിരിക്കുമല്ലോ ഹിന്ദുത്വഫാസിസ്റ്റുകൾക്ക് കൂടുതൽ പഥ്യമാകുക.ഫാസിസംകൂടി ഒഴിവാക്കണമെന്നും സിൻഡിക്കേറ്റഡ് ഹിന്ദുയിസം എന്ന് മാത്രം പറയലാണ് കൂടുതൽ കൃത്യതയെന്നും നാളെപിന്നിട് ഹമീദ് പറഞ്ഞെന്നിരിക്കും.ഫാസിസമെന്ന പ്രയോഗത്തിന്റെ കൃത്യത ഹമീദിനും ഗവേഷണ വിധേയമാക്കാമല്ലൊ.എതിരാളിയെ കൊച്ചാക്കാൻ(കുഞ്ഞുബുദ്ധിയാക്കാൻ)ഹമീദ് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ന്യായങ്ങൾ എത്രമാത്രം അപകടകരമാണ്!ആദിവാസിയേക്കാൾ വനവാസിയാണ് കൂടുതൽ കൃത്യമായ പ്രയോഗമെന്നും ഹമീദ് പറഞ്ഞേക്കാം.മതേതരത്വത്തിൽ കൃത്യത വരുത്തി വരുത്തി അതെവിടെയാണെത്തുന്നതെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.ആറെസ്സെസ്സിന്റെ സാംസ്കാരിക ദേശീയതക്ക് തുല്യമായി ഇസ്ലാമിക സാംസ്കാരികത എന്ന പ്രയോഗം തന്നിഷ്ടം പോലെ പ്രയോഗിക്കുന്നുമുണ്ട്.
8-വല്യേട്ടനെ മുഖസ്തുതി കൊണ്ട് പാട്ടിലാക്കുന കള്ളത്തരം ഹമീദിന്റെ ലേഖനത്തിൽ പച്ചവെള്ളത്തിലെന്നപോലെ തെളിഞ്ഞു കാണുന്നുണ്ട്.സവർണ്ണമേധാവിത്തത്തെ തകർക്കുന്നതിൽ തമിഴ്‌നാട്ടിലും മറ്റും ദ്രാവിഡപ്രസ്ഥാനവും അംബേദ്കറിസവും പരാജയപ്പെട്ടെന്നു ഹമീദ് പറയുന്നു.കേരളത്തിൽ സവർണ്ണസ്വത്വത്തേക്കാൾ അധീശത്വമുള്ളത് ഇടതുപക്ഷസ്വത്തത്തിനാണെന്ന് പറയുന്നതിലൂടെയാണ് ഹമീദിന്റെ പൂച്ച് പൂറത്ത് ചാടുന്നത്.കേരളത്തിലെ പൊതുബോധത്തിൽ സവർണ്ണതയാണ് മേൽക്കോയ്മ പുലർത്തുന്നതെന്ന് പറയുന്നത് കമ്യൂണിസ്റ്റുകാരുടെമുഖത്തടിക്കുന്ന വാദമാണെന്ന മുഖസ്തുതിയിലൂടെ ഹമീദ് നടത്തുന്നത് സവർണ്ണസേവയല്ലാതെ മേറ്റ്ന്താണ്?കാളനും കാളയുമൊക്കെ പഴങ്കഥയെന്ന് പറഞ്ഞ് അദ്ദേഹം തള്ളുകയാണ്.സന്തോഷ് എച്ചിക്കാനത്തിന്റെ 'പന്തിഭോജനം'എന്നകഥ ഇതിനു മറുപടിയാണ്. അത് ഷോർട്ട് ഫിലിമാക്കിയിട്ടുണ്ട്.അതും കാണുക.ഇടതുപക്ഷ കേരളത്തിൽ ദളിത്കോളനികളും അവിടത്തെ പോലീസ് നരനായാട്ടുകളും ഹമീദ് കാണാതെ പോകരുത്.അംബേദകറിസവും ദ്രാവിഡവാദവും പരാജയപ്പെട്ടിടത്ത് കമ്യൂണിസം വിജയിച്ചോ?നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടും പാലൊളി കമ്മിറ്റി ശുപാർശ്ശയും പറയുന്നതെന്താണ്?അതൊക്കെ അട്ടത്തു തന്നെ ഇരിക്കുന്നതിന്റെ കാരണം എന്താണ്?ബംഗാളിൽ സവർണ്ണ മേധാവിത്തം ഇല്ലാതായോ?ഞാൻ ബ്രാഹ്മണകമ്യൂണിസ്റ്റാണെന്ന് പറയാൻ ധൈര്യപ്പെട്ട നേതാക്കൾ വാഴുന്ന ഇടമാണത്.അവിടെ ഭരണമേൽക്കോയ്മയും നഷ്ടപ്പെടാൻ പോകുകയാണ്.ഇ എം എസ് നമ്പൂതിരിപ്പാട് വാൽ ഉപേക്ഷിക്കാതിരിക്കാൻ ധൈര്യപ്പെട്ട കേരളമാണിത്.ഇ എം എസ് കമ്യൂണിസ്റ്റ് പ്രവർത്തനം തുടങ്ങും മുമ്പ് കേരളത്തിൽ കഷകത്തൊഴിലാളി സമരം(വർഗ്ഗസമരം)നടത്തിയ അയ്യങ്കാളിയെ 80കൾ വരെ കാണാതെ പോകും വിധം ഇ എം എസ്സിനും ഇടതുപക്ഷത്തിനും സവർണ്ണ ആന്ധ്യം പിടിപെട്ടിരുന്നു എന്നത് നമ്മെ ഞെട്ടിപ്പിക്കേണ്ടതാണ്.ഹമീദ് സാഹിബേ! അങ്ങോട്ടൊന്നും കടക്കുകയേ വേണ്ട.അതൊക്കെ ജമാ-അത്തിനെ വിമർശ്ശിക്കുമ്പോൾ തൂക്കമൊപ്പിക്കാൻ ഇടക്കൊന്നെടുത്തിട്ടാൽ മാത്രം മതി.സവർണ്ണ മതേതര തമ്പുരാക്കന്മാരുടെ കാണിലുണ്ണിയായിട്ട് എന്നുമിരിക്കാൻ അതിനപ്പുറം കടക്കാതിരിക്കുന്നതാണ് ബുദ്ധി.
തുടരും.............
No comments:
Post a Comment