Wednesday, 30 June 2010

കെ ഇ എൻ/ഹമീദ്:കപടന്മാരുടെ കടിപിടി, ഭാഗം-1

വ്യവസ്ഥാപിത കമ്യൂണിസം,ഇസ്ലമിസം,ഹിന്ദുത്വം തുടങ്ങിയ സമഗ്രാധിപത്യ,സർവ്വാധിപത്യ,ഏകശിലാവാദങ്ങളെ അംഗീകരിക്കാത്ത ഒരു സ്വത്വജനാധിപത്യവാദിയാണ്‌ സന്ദേഹി.സന്ദേഹി ഒരിക്കൽ പറഞ്ഞുപോയ,വിശ്വസിച്ചുപോയ കാര്യങ്ങളുടെ തടവറയിൽ കിടന്ന് സ്വയം ന്യായീകരിച്ച്‌ അപഹാസ്യനാകാൻ ഇഷ്ടപ്പെടുന്നില്ല.എന്നിട്ടും പലപ്പോഴും അങ്ങനെയായിപ്പോകാറുണ്ട്‌.

സ്വത്വരാഷ്ട്രീയ വിവാദവും(സംവാദമല്ല)ജമാ-അത്ത്‌ വിചാരണയും ഒന്നിച്ച്‌ ചേർത്തൊരു അവിയൽ വേവിച്ചെടുക്കാൻ ശ്രീ ഹമീദ്‌ ചേന്നമംഗലൂർ കിണഞ്ഞ്‌ ശ്രമിക്കുന്നത്‌ കാണുമ്പോൾ ഒരു ജമാ-അത്ത്‌ വിരുദ്ധനായ സന്ദേഹിക്കുണ്ടായ ഉത്കണ്ടയാണ്‌ ഇതെഴുതാൻപ്രേരിപ്പിക്കുന്നത്‌.സ്വത്വചർച്ചയും ജമാ-അത്ത്‌ വിമർശ്ശനവും ഹമീദിന്റെ ശുഷ്കവിചാരങ്ങളിലാകുമോ ചെന്നവസാനിക്കുക, ദൈവമേ! മതേതരത്വത്തിന്റെ ഹമീദ്പഠം/യുക്തിയിൽ ഈ ചർച്ച ചെന്നെത്തിയാലത്തെ ഗതികേട്‌ ഒന്നാലോചിച്ച്‌ നോക്കൂ.അത്‌ കൊണ്ട്‌ എഴുതിപ്പോകുകയാണ്‌.ജമാ-അത്തിനെതിരെയുള്ള ചർച്ചയിൽ പങ്കാളിയാകുന്ന സന്ദേഹിക്ക്‌ മനസ്സാക്ഷിക്കുത്തും കുറ്റബോധവും ഒഴിവാക്കാനെങ്കിലും ഇത്രയെങ്കിലും എഴുതാതിരിക്കാൻ പറ്റില്ല.

ഇത്‌ കെ ഇ എന്നിന്‌ വേണ്ടിയുള്ള വക്കാലത്തല്ല എന്ന് വായിച്ചു തീരുമ്പോഴെങ്കിലും ബോധ്യപ്പെടും.കെ ഇ എന്നും ഹമീദും കമ്യൂണിസ്റ്റ്‌ പാർട്ടിയെ ആണയിട്ട്‌ തങ്ങളുടെ വ്യക്തിപരതക്ക്‌ ന്യായം ചമക്കുകയാണ്‌.ഹമീദിന്‌ ജമാ-അത്തെന്ന മുഖ്യശത്രുവിനൊപ്പം കൊമ്പു കൊർക്കാനും യുക്തിവാദം നടത്താനും കെ ഇ എന്നെ കൂടി കിട്ടിയിരിക്കുന്നു.മതേതരപക്ഷത്ത്‌ ഒരു ശത്രു.കെ ഇ എൻ ഹമീദിന്‌ മറുപടി പറഞ്ഞ്‌ ശുഷ്കനാകാനാണ്‌ ഇനി പരിപാടിയെന്നു തോന്നുന്നു.
രണ്ടുപേരും ആണയിടുന്ന കമ്യൂണിസ്റ്റ്‌ സമീപനത്തെ വിചാരണചെയ്യാൻ ഇരുവരും തയ്യാറാകാത്തതാണ്‌ രണ്ടു പേരും പങ്കുവെക്കുന്ന കാപട്യം.രണ്ടുപേരും പറഞ്ഞ്‌ പറഞ്ഞ്‌ മാർക്സിസത്തിൽ നിന്നും തെന്നിപ്പോയിട്ടും അത്‌ സമ്മതിക്കാതെ അതിന്മേൽ ആണയിട്ട്‌ മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണ്‌.
ജമാ-അത്തിനെതിരെ തന്റെ വളർച്ചമുരടിച്ച വിമർശ്ശനം നടത്താനും അവരുടെ വേദിയ്‌ലും പത്രത്തിലും വിലസുന്ന കെ ഇ എന്ന് കണക്കിന്‌ കൊടുത്ത്‌ മൂലക്കിരുത്താനും ഹമീദിന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി വേണം.കെ ഇ എന്ന് തിരിച്ചും.

ഇവരുടെ കടിപിടി അസഹ്യമായിരിക്കുന്നു.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ രണ്ടുപേരും എഴുതിയ ഗീർവ്വാണങ്ങൾ വായിചു.(2010ജൂലൈ,4).മാർക്സിസ്റ്റ്‌ പാർട്ടിയിൽ ഹമീദിന്റെ നിലപാടിന്‌ മേൽക്കൈ കിട്ടിയെന്നു വേണം കരുതാൻ.എന്നാൽ മലയാളികളുടെ പൊതുബോധത്തിൽ, കെ ഇ എന്റെ അസംസ്കൃത സ്വത്വവാദത്തിനെതിരെയും ജമാ-അത്തിനെതിരെയും മറുയുക്തികൾ നിരത്തി ഹമീദിന്റെ വിക ലമതേതരത്വം അധീശത്വം നേടുന്നത്‌ മലയാളിക്കൊരു ബൗദ്ധികപിൻ നടത്തമായിത്തീരും.

ഹമീദിന്റെ ലേഖനത്തെ പരിശോധിക്കുന്നതിലൂടെ കെ ഇ എന്റെയും മാർക്സിസത്തിന്റെയും മതേതരാധുനികതയുടെയും പരിശോധന കൂടിയാണ്‌ നടത്തുന്നത്‌.

മാർക്സിസം, സ്വത്വം

മാർക്സിസ്റ്റ്‌ വിരുദ്ധവും ജനവിരുദ്ധവുമായ കെ ഇ എന്റെ സ്വത്വരാഷ്ട്രീയവാദം മതമൗലികവാദാനുകൂലമാണെന്നും ഹമീദ്‌ വാദിക്കുന്നു.കെ ഇ എന്റെ സ്വത്വവാദം എങ്ങനെയുള്ളതാണെന്ന് കെ ഇ എൻ തന്നെ പറയും.പക്ഷെ എനിക്ക്‌ പറയാനുള്ളത്‌ ഞാൻ പറയാം.
സ്വത്വവാദം/രാഷ്ട്രീയം മാർക്ഷിസ്റ്റ്‌ വിരുദ്ധമകാം.എന്നാൽ ജനവിരുദ്ധമല്ല.മതമൗലികവാദത്തിനനുകൂലവുമല്ല.കാരണം സ്വത്വവാദക്കാർ മതത്തിനകത്തെ സ്ത്രീ, ഭാഷാ-ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിങ്ങനെയുള്ള സ്വത്വങ്ങളെയാണ്‌ ഉയർത്തിപ്പിടിക്കുന്നത്‌.ഒരു മതവിഭാഗത്തിന്റെ സ്വത്വം എന്നുപറയുന്നത്‌ രാഷ്ട്രീയവും ദേശീയവുമായ സാംസ്കാരികപരിധിക്കകത്തുള്ളത്‌ മാത്രമായിരിക്കും.അതിനകത്തെ സ്വത്വസംഘർഷങ്ങളിൽ ഊന്നിയാണത്‌ നിലനിൽക്കുക.ഇസ്ലാം മതം എന്ന ഏകലോക സ്വത്വവും ഇന്ത്യൻ മുസ്ലിം എന്ന സ്വത്വവും ഒന്നല്ല.ഇസ്ലാമികസ്വത്വം/മുസ്ലിം സ്വത്വം ഇതിനകത്തുതന്നെ അതിന്റെ തന്നെ ഉപസ്വത്വങ്ങളുണ്ട്‌.പലമുസ്ലിമും പല ഇസ്ലാമുമായി വിഭജിതമാണത്‌.
ഗ്ലോബൽ വില്ലേജിൽ ഒരിസ്ലാമിക സ്വത്വം എന്നത്‌ ഹമീദ്‌ ഉൽഘോഷിക്കുന്ന വർഗ്ഗസ്വത്വം പോലെ ഒന്നാണ്‌.രണ്ടും അയഥാർത്ഥമാണ്‌.കാൽപനികാശയം,അല്ലെങ്കിൽ വ്യാമോഹം.ചുവന്ന കൊടി പിടിച്ചവരോ പിടിക്കാത്തവരോ ആയ തൊഴിലാളിവർഗ്ഗം എന്ന ഒരു സ്വത്വം നിലവിലുള്ള ദേശീയ പ്രാദേശിക വർണ്ണ വംശ മത ജാതി ലിംഗ ഭാഷകളിൽ എത്രമാത്രം അസാധ്യമാണോ അത്‌ പോലെയാണ്‌ ഇസ്ലാമിക സ്വത്വവും.
എന്നാൽ മുതലാളിത്തം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഒരു സ്വത്വം രൂപപ്പെടുമെങ്കിൽ ,സാമ്രാജ്യത്വം ഒരു ദേശത്തെ അടിമയാക്കുന്നതിലൂടെ ഒരു ദേശീയസ്വത്വം രൂപപ്പെടുമെങ്കിൽ,വെള്ളഭീകരതയുടെ അടിച്ചമർത്തലും വിവേചനവും നിലനിൽക്കുമ്പോൾ അതിനെതിരെ കറുത്തവന്റെ സ്വത്വം രൂപപ്പെടുമെങ്കിൽ,സാമ്രാജ്യത്തം ഇസ്ലാമിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാൽ ഒരിസ്ലാമിക/മുസ്ലിം സ്വത്വബോധം ആഗോളതലത്തിൽ രൂപപ്പെട്ടാൽ അത്‌ പാൻ ഇസ്ലാമിസ്റ്റ്‌ സ്വത്വമാകുമെന്ന് ലളിതമായി വായിച്ചെടുക്കാമോ?
ദേശീയത,തൊഴിലാളിവർഗ്ഗ സാർവ്വദേശീയതക്കും,നെൽസൺ മണ്ടേലയുടെ പ്രസ്ഥാനം(അത്‌ ആഫ്രിക്കൻ/കറുപ്പ്‌ സ്വത്വത്തിൽ/ദേശീയതയിൽ അധിഷ്ഠിതമായിരുന്നു),സ്ത്രീ സ്വത്വം ഇവയൊക്കെ പരസ്പരം വിരുദ്ധ ദ്വന്ദങ്ങളാണോ?ആണെന്ന് ഹമീദ്‌ പറയുമോ? എന്നാൽ ആര്യൻ വംശീയസ്വത്വം ഇതര സ്വത്വങ്ങളെ വേട്ടയാടിയ പോലെ മുസ്ലിമിനെ ലോകത്തെങ്ങും വേട്ടയാടുന്ന അവസ്ഥയുണ്ടായാൽ,അതിനനുകൂലമായ മാധ്യമപ്രചാരണവും പൊതുബോധവും ശക്തിപ്പെടുന്നുവെ ങ്കിൽ മുസ്ലിമിന്‌ മറ്റുള്ളവരോടുള്ള മുൻ വിധികളെ തുറന്നു കാണിക്കുന്നതിനേക്കാൾ സമയവും ശേഷിയും ഉപയോഗിച്ച്‌ പ്രതിരോധിക്കേണ്ടത്‌ മുസ്ലിമിനോട്‌ മറ്റുള്ളവർക്കുള്ള മുൻ വിധിയേയാണ്‌. ഇത്‌ സാമാന്യ ബുദ്ധിക്ക്‌ നിഷേധിക്കാൻ പറ്റാത്ത കാര്യം മാത്രം.ഇതിന്‌ അന്തോണിയോ ഗാംഷിയെ കൂട്ട്‌ പിടിക്കുകയൊന്നും വേണ്ട.
സ്വത്വപ്രശ്നം വർഗ്ഗരഹിത സമൂഹം വന്നാലേ തീരൂ.തൽക്കാലം ഞങ്ങടെ കൂടെ നിൽക്ക്‌.ഇതല്ലേ ഹിന്ദുത്വത്തിന്റെയും ഇസ്ലാമിസത്തിന്റെയും വാദവും.ആറെസ്സിനെയും ജമാ-അത്തിനെയും മുഴത്തിന്‌ മുഴം താരതമ്യം ചെയ്ത്‌ പഠിക്കുന്ന ഹമീദ്‌ ഈ ലളിതസാമ്യം എന്താ കാണാത്തത്‌.

സ്വത്വവാദികൾ(കെ ഇ എന്നല്ല)ജനാധിപത്യവാദികളാണ്‌.തൊഴിലാളി വർഗ്ഗ ജനാധിപത്യത്തേക്കാളും വളരെ വികസിതമായ ഒരു ജനാധിപത്യ സങ്കൽപമാണവർക്കുള്ളത്‌.ഏതെങ്കിലും ഒരു സ്വത്വത്തിന്‌ മറ്റൊരു സ്വത്വത്തിന്റെ മേലുള്ള ആധിപത്യമല്ല അത്‌.ജൈവ വൈവിദ്ധ്യം പോലെ സാംസ്കാരികവൈവിധ്യങ്ങളുടെ കലവറയാണ്‌ മനുഷ്യസമൂഹം.മനുഷ്യനിലെ ഏത്‌ വൈവിധ്യങ്ങളും ജനാധിപത്യാസ്തിത്വത്തോടെ നിലനിൽക്കണം.ഒരു മനുഷ്യൻ തന്നെ പരസ്പരം നിഷേധിക്കുന്ന നിരവധി സ്വത്വങ്ങളുടെ ആവിഷ്കാരമാണ്‌.ഒരാളിലെ ഒരു സ്വത്വം മറ്റൊന്നിന്‌ വിരുദ്ധമാകുന്നത്‌ അധികാരത്തിന്റെ കളി കൊണ്ടാണ്‌.പുരുഷൻ/ദളിതൻ,മുസ്ലിം/പുരുഷൻ,സ്ത്രീ/ബ്രാഹ്മണ,തൊഴിലാളി/സവർണ്ണൻ,അവർണ്ണൻ/മുതലാളി,മുസ്ലിം/ഹിജഡ,ഇങ്ങനെ പലതും.

സ്വത്വങ്ങളുടെ ജനാധിപത്യപരമായ അസ്തിത്വം സാധ്യമാകുന്നിടത്ത്‌ ഒരു വ്യക്തിക്കുള്ളിൽ ഈ സംഘർഷം ഉണ്ടാകില്ല.കമ്യൂണിസം ഇത്‌ സോഷ്യലിസം വന്നാൽ മാരിക്കൊള്ളും എന്ന് പറയും.സോവിയറ്റുകളുടെ സ്വയം നിർണ്ണയാവകാശം പറഞ്ഞ്‌ മോഹിപ്പിച്ച്‌ നൽകിയത്‌ റഷ്യൻ ദേശീയതയുടെ പൽചക്രമായിരുന്നു.കിർഗ്ഗിസ്ഥാനിൽ ഇസ്ലാം കൊണ്ടും സോഷ്യലിസം കൊണ്ടും പരിഹരിക്കാതെ സ്വത്വപ്രശ്നം വേരോടിക്കിടക്കുന്നു.

അമേരിക്കൻ സാമ്രാജ്യത്തം ലോകത്ത്‌ ഇസ്ലാം വിരുദ്ധതയുടെ സാംസ്കാരികാന്തരീക്ഷം പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ മുസ്ലിമിനെ അതിന്റെ പേരിൽ വേട്ടയാടപ്പെടുന്നുണ്ടെങ്കിൽ അതിനെതിരെ നിലനിൽപ്പിനായുള്ളപോരാട്ടത്തിൽ ജനാധിപത്യവാദി മുസ്ലിമിനൊപ്പം നിൽക്കും.അപ്പോൾ ഇസ്ലാമിസത്തിന്റെ അപകടത്തെ കുറിച്ച്‌ അനവസരത്തിലും തൂക്കമൊപ്പിച്ചും പറഞ്ഞ്‌ ലേഖനമെഴുതാനൊന്നും സമയം കണ്ടെന്നു വരില്ല.ഗുജറാത്തിൽ ഹിന്ദുത്വവാദിയായ മുസൽമാനും രക്ഷ്യുണ്ടായില്ലല്ലോ.

കമൂണിസ്റ്റ്‌,ഇസ്ലാമിസ്റ്റ്‌ ബന്ധം പലരാജ്യങ്ങളിൽ

ലബനോനെ ഇസ്രായേൽ ആക്രമിച്ചപ്പോൾ സി പി എം പ്രതിനിധിയായി അവിടെ പോയത്‌ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ സലീം ആയിരുന്നു.പോയിവന്ന് സഖാവ്‌ സലീം എഴുതിയത്‌ 'ചിന്ത'യിലും വന്നിരുന്നു.ഹമീദ്‌ തപ്പിപ്പിടിച്ച്‌ വായിക്കണം.ലബനോന്റെ ദേശീയാഭിമാനം കാത്ത പോരാളികളും വിമോചകരുമായാണതിൽ ഹിസ്ബുള്ളയെ പറ്റി പറയുന്നത്‌.ലബനോനിലെ കമ്യൂണിസ്റ്റുകാരും അങ്ങനെയാണത്രെ കാണുന്നത്‌.

ഹമാസിനെയും ഒരു വിമോചനസംഘടനയായി കാണുന്ന ഇടതുപക്ഷക്കാർ ഉണ്ട്‌.ഈജിപ്തിൽ,തുർക്കിയിൽ,ഫലസ്ഥീനിൽ ഒക്കെ ഔദ്യോകിക കമ്യൂണിസ്റ്റ്‌ പാർട്ടികൾ ബ്രദർഹുഡുമായും ഹമാസുമായും മറ്റ്‌ ഇസ്ലാമിസ്റ്റുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്‌.ഇന്ത്യയിൽ സ്വദേശി ജാഗരൺ മഞ്ചുമായിപ്പോലും യോജിച്ചു പ്രവർത്തിക്കാത്തതിന്റെ കാരണം എന്തായിരിക്കും. ഹമീദ്‌ ഗവേഷണം തന്നെ നടത്തേണ്ടിവരും.മൗദൂദിയുടെ പുസ്തകം മാത്രം അതിന്‌ വായിച്ചാൽ പോര.അവിടങ്ങളിലെ നീറുന്ന യാഥാർത്ഥ്യങ്ങളെ വായിക്കണം.ഇനി അവിടങ്ങളിലെ പാർട്ടിയുടെ പാർലമെന്ററി മോഹമാകുമോ കാരണം?ആണെങ്കിൽ അത്‌ തുറന്ന് പറയണം.

ജമാ-അത്തെ ഇസ്ലാമിയെ ആറെസ്സെസ്സിനൊപ്പം അപകടമെന്ന് പറഞ്ഞ യെച്ചൂരി ഡെൽ ഹിയിൽ അവരോടൊപ്പം മാർച്ച്‌ നടത്തുന്നു.അത്‌ ഇസ്ലാമിസം അദ്ദേഹത്തെ വിലക്കെടുത്തത്‌ കൊണ്ടാണോ?
സ്വത്വവാദവും ഇതും തമ്മിൽ ബന്ധമുണ്ടെങ്കിൽ ഇതൊക്കെ ഹമീദ്‌ എങ്ങനെ വിശദീകരിക്കും.
എന്തിനധികം പറയണം മൗദൂദിയുടെ സാക്ഷാൽ ജമാ-അത്തെ ഇസ്ലാമി (പാകിസ്ഥാൻ)ഉന്നതന്മാർ ബീജിങ്ങിൽ പോയി ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി ഒരു ധാരണാപത്രം ഒപ്പിട്ടിരിക്കുന്നു.സർവ്വാത്മനാ പരസ്പര സഹായസഹകരണത്തിനായിട്ടാണെന്നു പറയുന്നു.പാകിസ്ഥാനിലെ ജമാ-അത്ത്‌ വിമശകർ പറയുന്നത്‌ ജമാ-അത്തിപ്പോൾ ചൈന ഡോളറിന്റെ പിന്നാലെയാണെന്നാണ്‌.പണ്ടവർ അമേരിക്കൻ ഡോളറിന്റെ പിന്നാലെയായിരുന്നല്ലോ.ഇതിന്റെയൊക്കെ ഗുട്ടൻസെന്താ ചേന്നമംഗലൂരേ?

ചൈനീസ്‌ പാർട്ടി-ജമാ-അത്ത്‌ ഭായി ഭായി,ഡൽ ഹി പാർട്ടി-ജമാ-അത്ത്‌ ഭായി ഭായി! കേരളപാർട്ടി മാത്രമോ യഥാർത്ഥ വർഗ്ഗപാർട്ടി?.

പാകിസ്ഥാൻ ദേശീയവാദത്തോട്‌ കമ്യൂണിസ്റ്റ്‌ പാർട്ടി എന്ത്‌ നിലപാടാണ്‌ സ്വീകരിച്ചത്‌?മുസ്ലിം ദേശീയവാദത്തെ കമ്യൂണിസ്റ്റ്‌ പാർട്ടി പാടെതള്ളിയില്ല.മത്രമല്ല സോവിയറ്റുകളുടെ സ്വയം നിർണ്ണയവകാശത്തിന്റെ ചുവട്‌ പിടിച്ച്‌ ഇന്ത്യൻ യൂണിയനു കീഴിൽ സ്വയം നിരണയവകാശമുള്ള മുസ്ലിം പ്രവിശ്യ ഉണ്ടാക്കണമെന്നാണ്‌ പാർട്ടി പറഞ്ഞത്‌.ലീഗിനെ കോൺഗ്രസ്സുപോലെ ദേശീയവിമോചനസംഘടനയായാണ്‌ പാർട്ടി രേഖകൾ വിലയിരുത്തിയത്‌.കോൺഗ്രസ്‌-ലീഗ്‌-കമ്യൂണിസ്റ്റ്‌ സഹകരണമുന്നണി ശക്തമാക്കാനാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നിരന്തരം ആഹ്വാനം ചെയ്തത്‌.

മലപ്പുറം ജില്ലാ രൂപീകരണത്തിന്‌ ശുദ്ധമതേതരത്വം എതിർന്നിന്നപ്പോൾ കമ്യൂണിസ്റ്റ്‌ പാർട്ടി അത്‌ ചെയ്യാൻ ധൈര്യം കാണിച്ചു.

കാശ്മീർ ജമാ-അത്തിന്റെ പേര്‌ പറഞ്ഞ്‌ ജമാ-അത്തിനെ വിരട്ടുന്ന ഹമീദ്‌ കാശ്മീരിലെ സി പി എം ജമാ-അത്തടക്കം അംഗമായ ഹുറിയത്തുകൾ രണ്ടിനോടും എന്തു നിലപാടാണ്‌ സ്വീകരിക്കുന്നത്‌.എന്തായാലും കാശ്മീർ പ്രശ്നത്തോടും അവിടത്തെ സംഘടനകളോടും അവിടത്തെ പാർട്ടിനേതാവായ യൂസുഫ്‌ തരിഗാമിക്കുള്ള നിലപാടല്ല ഹമീദിനുള്ളതെന്ന് ഞാൻ ഉറപ്പിക്കാം.
വാജ്പേയി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ പാക്‌ പ്രസിഡണ്ട്‌ മുഷറഫ്‌ ഇന്ത്യ സന്ദർശ്ശിച്ചസമയത്തെ വിശേഷം ഹമീദ്‌ ഓർക്കുന്നുണ്ടോ ആവോ.ഹുരിയത്തിനെ മുഷറഫുമായുള്ള കൂടികാഴ്ചയിൽ(വിരുന്നിൽ) പങ്കെടുപ്പിക്കുന്നതിനെതിരെ സംഘപരിവാരം ഉറഞ്ഞു തുള്ളിയപ്പോൾ അന്ന് യൂസുഫ്‌ തരിഗാമിയും യെച്ചൂരുയും സുർജ്ജിത്തും അതിനെ എതിർത്ത്‌ ഹുറിയത്തിനെ പങ്കെടുപ്പിക്കണമെന്നുപറഞ്ഞു.വാജ്പേയി പങ്കെടുപ്പിക്കുകയും ചെയ്തു.
രസം അതല്ല,അതുകഴിഞ്ഞ്‌ കാശ്മീരിലെ ഒരു ഹുരിയത്‌ നേതാവ്‌ കേരളം സന്ദർശ്ശിച്ചു, എൻ ഡി എഫുകാരാണ്‌ അയാളെ എഴുന്നള്ളീച്ച്‌ കൊണ്ടുവന്നത്‌.അപ്പോഴതാ പിയണറായിയും കൂട്ടരും കോലഹലമുണ്ടാക്കുന്നു.കേരളം തീവ്രവാദികളുടെ കേന്ദ്രമാകുന്നു.കാരണം ഭരിക്കുന്നത്‌ യു ഡി എഫാണ്‌.സി പി എമ്മിന്റെ ദേശീയനേതൃത്വം കാശ്മീരിലെ ജങ്ങളുടെ പ്രതിനിധിയായി കാണുന്നവർ കേരളത്തിലെത്തിയപ്പോൾ കോലം മാറി.യുഡി എഫിനെ എതിക്കാൻ ഭൂരിപക്ഷവർഗ്ഗീയ വാദികളുടെ പ്രചരണം ഏറ്റെടുത്തു.
കേരളത്തിൽ മൃദു ഹിന്ദുത്വമാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ പോലും ഉള്ളത്‌.ഇടക്ക്‌ വോട്ടിനു വേണ്ടി മുസ്ലിംവർഗ്ഗീയപ്രീണനം നടത്തും.അതുകഴിഞ്ഞ്‌ അതിന്റെ ദോഷം തീർക്കാൻ കറകളഞ്ഞമതേതരവിവാദത്തിന്‌് തീക്കോളുത്തി മൃദുഹിന്ദുത്വത്തിൽ സായൂജ്യമടയും.
ലീഗിനെ പലപ്രാവശ്യം കെട്ടുയതും മൊഴിചൊല്ലിയതും ഷാബാനുകേസ്‌ വിവാദമാക്കിയയതും,മദനിയേയും ഗാന്ധിയേയും മതമൗലികവാദിയാക്കി വ്യാഖ്യാനിച്ചതും......,അങ്ങനെ ജാതിമതപ്രീണനം സി പി എം ഇന്നും തുടരുന്നു.

വർഗ്ഗരാഷ്ട്രീയം അപ്രസക്തമായപ്പോഴാണ്‌ സ്വത്വരാഷ്ട്രീയം ഉരുത്തിരിഞ്ഞുവന്നത്‌.സ്വത്വരാഷ്ട്രീയം സ്വയമൊരു രാഷ്ട്രം കെട്ടിപ്പടുക്കാനൊന്നുമല്ല പോകുന്നത്‌.അത്‌ നിലവിലുള്ള ജനാധിപത്യത്തെ സമരത്തിലൂടെയും പോരാട്ടങ്ങളിലൂടെയും വിപുലപ്പെടുത്തുകയാണ്‌ ചെയ്യുക.ഭരണകൂട വിപ്ലവങ്ങളിലോ അട്ടിമറിയിലോ സ്വത്വരാഷ്ട്രീയം വിശ്വസിക്കുന്നില്ല.


സ്വത്വം എന്നും നവീകരണക്ഷമമായിരിക്കും. കാരണം ജാനാധിപത്യമാണ്‌ അതിന്റെ കാതൽ.സ്വത്വം കേവലം ജാതീയതയോ വർഗ്ഗീയതയോ അല്ല.അത്‌ എല്ലാത്തിന്റെയും വിലങ്ങനെയും കുറുകെയും വിഭജിക്കുന്ന ജനാധിപത്യത്തിന്റെ നീർച്ചാലുകളാണ്‌.അത്‌ നിരന്തരം സ്വയം പുതുക്കുകയും മാട്ടിപ്പണിയുകയും ചെയ്തുകൊണ്ടിരിക്കും.

എന്നാൽ ഹമീദ്‌ പറയുന്ന വർഗ്ഗരാഷ്ട്രീയം വിപ്ലവത്തിന്‌ ശേഷം ബഹുകക്ഷി ജനാധിപത്യം പോലും ഇപ്പോഴാണ്‌ അംഗീകരിച്ചത്‌.അതും പരിമിതികളോടെ മാത്രം അനുവദിക്കുന്ന സമഗ്രവാദമാണ്‌.മാനുഷികമായ എല്ലാറ്റിനെയും വർഗ്ഗമെന്ന യാന്ത്രികസ്വത്വതിൽ തളച്ചിടാൻശ്രമിക്കുന്നു.വർഗ്ഗന്യൂനീകരണം ഇസ്ലാമികസങ്കുചിതത്വം പോലെതന്നെ അപകടമാണ്‌.

വർഗ്ഗസ്വത്വം വിഭജിതമാണെന്ന് പ്രയോഗത്തിന്റെ മണ്ഡലത്തിൽ കമ്യൂണിസ്റ്റുകൾ അംഗീകരിക്കുന്നു.മുതലാളിയിൽ വൻ കിട, ചെറുകിട, ഇടത്തരം മുതലാളിമാരുണ്ടെന്ന് അവർത്തന്നെ പറയുന്നു.ദേശീയ ബൂർഷ്വാസിയും ദല്ലാൾ ബൂർഷ്വാസിയും ഉണ്ട്‌.ഭൂപ്രഭുക്കന്മാരെയും കമ്യൂണിസ്റ്റുകൾ ഇങ്ങനെ വിഭജിക്കുന്നുണ്ട്‌.കർഷകനെ,കർഷകത്തൊഴിലാളിയെ വ്യത്യസ്ത വിഭാഗങ്ങളാക്കുന്നുണ്ട്‌.വ്യവസായത്തൊഴിലാളികളെ ഇതിൽ നിന്നൊക്കെ വ്യവച്ഛേദിച്ച്‌ കാണുന്നു.പെറ്റിബൂീഷാസി/മധ്യവർഗ്ഗത്തെയും ഉയർന്ന/താഴ്‌ന്ന/ഇടത്തരം എന്നൊക്കെ പറഞ്ഞ്‌ തരം തിരിക്കുന്നു.ഇതൊക്കെയാണെങ്കിലും സ്ത്രീയെ സവിശേഷസ്വത്വമായി പ്രായോഗികതലത്തിൽ അംഗീകരിക്കുന്നു.

ഇങ്ങനെ അധ്വാനിക്കുന്നവർക്കിടയിൽ പലവിഭജനഗൾ വരാൻ കാരണം മുതലാളിത്തമാണെന്ന് അവർ പറയും.ഒരർത്ഥത്തിൽ ചരിത്രപരമായ യാഥാർത്ഥ്യമാണെന്നും അംഗീകരിക്കും.അതുപോലെ ചരിത്രപരവും നരവംശശാസ്ത്രപരവുമായ കാരണങ്ങളാൽ വിവിധ സ്വത്വങ്ങളുടെ അസ്തിത്വവുമൊരു യാഥാർത്ഥ്യമാണ്‌..
മുതലാളിത്തമോ ഫ്യൂഡലിസമോ ഇതിന്റെ മേലെ വർണ്ണ വെറിയോ ജാത്യാധികാരമോ വംശാധിപത്യമോ ലിംഗാധിപത്യമോ അടിച്ചേൽപിക്കുമ്പോൾ സ്വത്വസംഘർഷം ഉണ്ടാകുന്നു.ചരിത്രപരമായി വേരുകളുള്ള സ്വത്വങ്ങളെ പുതിയ/ഏക/കൃത്രിമ സ്വത്വത്തിൽ ലയിപ്പിച്ച്‌ ഇല്ലാതാക്കാമെന്ന വ്യാമോഹം വേണ്ട.അത്‌ അശാസ്ത്രീയവും മാനുഷ്യവിരുദ്ധവുമാണ്‌.
കെ ഇ എന്നും ഹമീദും ഏകശിലാത്മകമായ/സ്വത്വവൈവിധ്യനിഷേധിയായ പ്രത്യയശാസ്ത്രത്തെ പുണർന്ന് നടക്കുന്നവരാണ്‌.
ഞാൻ തൊഴിലാളി വർഗ്ഗത്തിന്റെ ദത്തുപുത്രനാണെന്ന ഇ എം എസ്സിന്റെ വാക്ക്‌ എന്താണ്‌ സൂചിപ്പിക്കുന്നത്‌? അദ്ദേഹത്തിന്റെ അന്യവർഗ്ഗ അസ്തിത്വം തന്നെ.

ഏകസിവിൽകോഡ്‌ വേണ്ടേ ഹമീദിന്‌?

ശരീ-അത്തു വിവാദ കാലത്തെ പോലെ കമ്യൂണിസ്റ്റ്‌ പാർട്ടി ഏകീകൃത സിവിൽ കോഡിനു വേണ്ടി കാമ്പയിൻ നടത്താത്തതെന്താണിപ്പോൾ?വ്യക്തിനിയമത്തിന്റെ പേരിൽ സ്വത്വം സംരക്ഷിക്കാൻ വേണ്ടിയാണോ?അതോ അതിന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഉയർത്തുന്നത്‌ ഹിന്ദുത്വത്തെ സഹായിക്കും എന്നത്‌ കൊണ്ടോ?അതോ ന്യൂനപക്ഷ പ്രീണനമോ?

ഹമീദ്‌ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളുണ്ട്‌.പതിറ്റാണ്ടിണ്‌ ശേഷം ഇ എം എസ്‌ സെമിനാറിൽ കയറാൻ പറ്റിയതും ഔദ്യോഗിക സി പി എമ്മിന്‌ സ്വീകാര്യനായതിലും വല്യ കാര്യമില്ല.സി പി എമ്മിൽ ഃഋതുമാറ്റം ഇനിയും വരും .ഇതിനിടക്ക്‌ ഇ എം എസ്‌ സെമിനാറിൽ പങ്കെടുത്ത ഒ അബ്ദുറഹ്‌മാനും പി ഡി പി നേതാക്കൾക്കും മറ്റൊരൂഴം വരാതിരിക്കില്ല.അന്ന് കെ ഇ എൻ വിജയം ആഹ്ലാദിക്കും.ഇതൊക്കെയാണ്‌ സി പി എമ്മിന്റെ കാര്യം.
കാറ്റിനിയും മാറി വീശും അന്ന് ഹമീദ്‌ എങ്ങോട്ടായിരിക്കും ചാടുക എന്ന് കാത്തിരുന്നു കാണാം.
പിന്നെ മാധ്യമത്തിൽ എഴുതുന്നതും ജമാ-അത്തു വേദി പങ്കിടുന്നതും തെറ്റെങ്കിൽ ചന്ദ്രികയിലെഴുതുന്നതും യൂത്ത്‌ ലീഗ്‌ വേദിയിൽ കയറുന്നതും തെറ്റാവില്ലേ? എൻ ഡി എഫിനെ താലോലിച്ചും മാറാടുകൾ സൃഷ്ടിച്ചും കേരളത്തെ കലുഷിതമാക്കിയത്‌ ജമാ-അത്തല്ലല്ലോ.നാദാപുരത്ത്‌ കാട്ടിക്കൂട്ടിയതും മറന്നോ? കേരളത്തിൽ ആഴത്തിൽ വർഗ്ഗീയധ്രുവീകരണമുണ്ടാക്കുന്ന വർഗ്ഗീയ സംഘർഷങ്ങൾക്കു പിന്നിലുള്ള കൈകൾ ഹമീദ്‌ ജമാ-അത്ത്‌ വിരോധം കൊണ്ട്‌ കാണാതെ പോകരുത്‌. 

                                                               തുടരും.............

2 comments:

  1. ഒാ മൈ ഗോഡ്‌!! ഇത്‌ എഴുതിയത്‌ സന്ദേഹി തന്നെയോ എന്ന കാര്യത്തില്‍ ഒരു സന്ദേഹമില്ലാതില്ല! അതോ സന്ദേഹിക്കും വിവരം വെച്ച്‌ തുടങ്ങിയോ?! എതായാലും എനിക്കിഷ്ടായി. വസ്തുനിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ചില പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി. ഹമീദിണ്റ്റെ ലക്ഷ്യം മതേതരത്വവും ജനാധിപത്യവുമൊന്നുമല്ല. ടിയാന്‍ വളരെ കാലമായി ഈ പണി തുടങ്ങിയിട്ട്‌. കഴിയുന്നത്രയും ജമാഅത്തെ ഇസ്‌ലാമിക്കെതിരില്‍ ഒന്ന് കൊട്ടുക അത്രേ ഉള്ളൂ. അതിനു കെ ഇ എനിനെ ഇരയാക്കി എന്ന് മാത്രം. ഇതു തിരിച്ചറിയാത്ത പല പാവങ്ങളും ഹമീദിനു ഹലേലുയ പാടുന്നുണ്ട്‌. ആ, കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നാണല്ലോ.

    ReplyDelete
  2. "ആര്യൻ വംശീയസ്വത്വം ഇതര സ്വത്വങ്ങളെ വേട്ടയാടിയ പോലെ മുസ്ലിമിനെ ലോകത്തെങ്ങും വേട്ടയാടുന്ന അവസ്ഥയുണ്ടായാൽ,അതിനനുകൂലമായ മാധ്യമപ്രചാരണവും പൊതുബോധവും ശക്തിപ്പെടുന്നുവെ ങ്കിൽ മുസ്ലിമിന്‌ മറ്റുള്ളവരോടുള്ള മുൻ വിധികളെ തുറന്നു കാണിക്കുന്നതിനേക്കാൾ സമയവും ശേഷിയും ഉപയോഗിച്ച്‌ പ്രതിരോധിക്കേണ്ടത്‌ മുസ്ലിമിനോട്‌ മറ്റുള്ളവർക്കുള്ള മുൻ വിധിയേയാണ്‌. ഇത്‌ സാമാന്യ ബുദ്ധിക്ക്‌ നിഷേധിക്കാൻ പറ്റാത്ത കാര്യം മാത്രം.ഇതിന്‌ അന്തോണിയോ ഗാംഷിയെ കൂട്ട്‌ പിടിക്കുകയൊന്നും വേണ്ട."

    I like this. And I like your attitude sandehi... Though I support JI.

    ReplyDelete